07:56pm 28 June 2026
NEWS
ഹേമചന്ദ്രൻ കൊലക്കേസ്: ഹണി ട്രാപ്പ് ആസൂത്രണം ചെയ്ത മുഖ്യപ്രതി ലീബ കോഴിക്കോട് വിമാനത്താവളത്തിൽ പിടിയിൽ
28/06/2026  02:43 PM IST
NILA
ഹേമചന്ദ്രൻ കൊലക്കേസ്: ഹണി ട്രാപ്പ് ആസൂത്രണം ചെയ്ത മുഖ്യപ്രതി ലീബ കോഴിക്കോട് വിമാനത്താവളത്തിൽ പിടിയിൽ

 

സുൽത്താൻ ബത്തേരി: വയനാട് പൂമല സ്വദേശി ഹേമചന്ദ്രൻ കൊലക്കേസിലെ മുഖ്യപ്രതിയായ കണ്ണൂർ ഉളിക്കൽ സ്വദേശിനി ലീബയെ പൊലീസ് അറസ്റ്റ് ചെയ്തു. വിദേശത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ലീബയെ പിടികൂടിയത്. ഇവർക്കെതിരെ നേരത്തെ പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

പിടിയിലായ ലീബയെ വൈദ്യപരിശോധനയ്ക്കായി മെഡിക്കൽ കോളേജിലെത്തിച്ച ശേഷം കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.

ഹണി ട്രാപ്പിൽ കുടുക്കി പണം തട്ടാനുള്ള ഗൂഢാലോചനയുടെ ഭാഗമായാണ് ഹേമചന്ദ്രനെ ലീബ വിളിച്ചുവരുത്തിയതെന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. തുടർന്ന് ഇയാളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി തമിഴ്‌നാട് ചേരമ്പാടി വനമേഖലയിൽ കുഴിച്ചുമൂടിയെന്നാണ് കേസ്.

സംഭവവുമായി ബന്ധപ്പെട്ട് നൗഷാദ്, ജ്യോതിഷ്, അജേഷ്, വെൽബിൻ മാത്യു ഉൾപ്പെടെ അഞ്ച് പ്രതികളെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ലീബയുടെ അറസ്റ്റോടെ കേസിലെ അന്വേഷണം കൂടുതൽ നിർണായക ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്.

ഡി.എൻ.എ പരിശോധനയിൽ സ്ഥിരീകരണം

കഴിഞ്ഞ വർഷം മാർച്ച് 24-നാണ് ഹേമചന്ദ്രനെ കോഴിക്കോട് നിന്ന് തട്ടിക്കൊണ്ടുപോയത്. തുടർന്ന് ജൂണിൽ  തമിഴ്‌നാട് ചേരമ്പാടി വനത്തിൽ നിന്ന് മൃതദേഹം കണ്ടെത്തി. ഡി.എൻ.എ പരിശോധനയിലൂടെയാണ് മൃതദേഹം ഹേമചന്ദ്രന്റേതാണെന്ന് സ്ഥിരീകരിച്ചത്.

അതേസമയം, കേസിലെ മുഖ്യപ്രതിയായ നൗഷാദ് വിദേശത്തുനിന്ന് ഫേസ്ബുക്ക് വീഡിയോയിലൂടെ ഹേമചന്ദ്രൻ ആത്മഹത്യ ചെയ്തതാണെന്ന വാദം ഉയർത്തിയിരുന്നു. ആത്മഹത്യ ചെയ്ത നിലയിൽ കണ്ടതിനെത്തുടർന്ന് മൃതദേഹം സുഹൃത്തുക്കളുമായി ചേർന്ന് കുഴിച്ചുമൂടുകയായിരുന്നുവെന്നും, ഹേമചന്ദ്രന് പലരോടും സാമ്പത്തിക ബാധ്യതകളുണ്ടായിരുന്നുവെന്നും അദ്ദേഹം അവകാശപ്പെട്ടു. മൃതദേഹം വീണ്ടും പോസ്റ്റ്മോർട്ടം ചെയ്യണമെന്നും നൗഷാദ് ആവശ്യപ്പെട്ടിരുന്നു.

എന്നാൽ നൗഷാദിന്റെ വാദങ്ങൾ അന്വേഷണ സംഘം തള്ളിക്കളഞ്ഞു. ഹേമചന്ദ്രനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത് നൗഷാദിന്റെ നേതൃത്വത്തിലുള്ള സംഘമാണെന്നാണ് ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തിൽ കോടതിയെ അറിയിച്ചിട്ടുള്ളത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img